കിളിമാനൂർ കൊട്ടാരത്തിലെ ഉമാംബ തമ്പുരാട്ടിയുടെയും ഏഴമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിൻ്റെയും മകനായി ആയി 1848 ഏപ്രിൽ 29ന് രാജാരവിവർമ്മ ജനിച്ചു. ചിത്രകലാ രചനയിൽ ചെറുപ്പം മുതൽ അദ്ദേഹം താല്പര്യം കാണിച്ചിരുന്നു. മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ, വിശ്വാമിത്രനും മേനകയും തുടങ്ങിയ നിരവധി ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. ഏഴു വയസ് മുതലുള്ള ചിത്രരചനക്ക് കിളിമാനൂർ കൊട്ടാരത്തിലെ ചുമരുകൾ സാക്ഷ്യം വഹിച്ചു. കൊട്ടാര ചുമരുകളിൽ കരിക്കട്ടകൊണ്ട് രവിവർമ്മ ചിത്രങ്ങൾ വരച്ചു. അമ്മാവൻ കണ്ടാൽ ദേഷ്യപ്പെടും എന്ന് പലരും വിലക്കിയിട്ടും കുട്ടിക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. ഒരു ദിവസം അമ്മാവനായ ചിത്രമെഴുത്തു രാജരാജവർമ്മ കോയിത്തമ്പുരാൻ അതുവഴി വന്നു. കരിക്കട്ട കൊണ്ട് വരച്ച ചിത്രങ്ങൾ കണ്ട് അത് വരച്ചയാളിനെ അദ്ദേഹം തിരക്കി. എല്ലാവരും അമ്പരന്നു. പക്ഷേ രവിവർമ്മ അദ്ദേഹത്തിൻ്റെയടുത്ത് എത്തിയപ്പോൾ കോപമല്ല പകരംം ആനന്ദമാണ് അദ്ദേഹത്തിന് ഉണ്ടായത്. രവിവർമ്മയുടെ കഴിവുകൾ മനസ്സിലാക്കി കുട്ടിയെ ചിത്രമെഴുത്ത് പരിശീലിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. വിവിധ വിഷയങ്ങളെ സ്പർശിച്ച് നിരവധി ചിത്രങ്ങൾ രവിവർമ്മ രചിച്ചിട്ടുണ്ട്. 1873-ൽ വിയന്നയിൽ നടന്ന ലോക ചിത്രരചനാ മത്സരത്തിൽ രവിവർമ്മയുടെ ചിത്രം സമ്മാനം നേടി. അങ്ങനെ അദ്ദേഹം ലോകപ്രശസ്തനായി. 1906 ഒക്ടോബർ രണ്ടാം തീയതി അദ്ദേഹം മരിച്ചു. തൻ്റെ ചിത്രങ്ങളിലൂടെ ഇന്നും ജീവിക്കുന്ന യുഗപ്രഭാവനാണദ്ദേഹം.
0 Comments