ബി.സി ആയിരാമാണ്ടിൽ ചൈനക്കാരാണ് കുടകൾ നിർമ്മിക്കാൻ തുടങ്ങിയതെന്ന് കരുതുന്നു. മഴയിൽ നിന്ന് രക്ഷപെടാനായി ഉണ്ടാക്കിയ ഈ കുടയിൽ വെള്ളം ഒലിച്ചുപോകുന്നതിനായി മെഴുക്, പോളീഷ് പോലുള്ള വസ്‌തുക്കൾ പുരട്ടിയിരുന്നുവത്രെ! പതിനഞ്ചാം നൂറ്റാണ്ടിൽ ഈജിപ്ത്, അസീറിയ, ഗ്രീസ് എന്നിവിടങ്ങളിലും പലതരം കുടകൾ പ്രചാരത്തിലുണ്ടായിരുന്നു.പതിനാറാം നൂറ്റാണ്ടിലാണ് പാശ്ചാത്യ രാജ്യങ്ങളിൽ കുടകൾ ഉപയോഗിക്കാൻ തുടങ്ങിയത്. ലാറ്റിൻ ഭാഷയിൽ 'നിഴൽ' എന്നർത്ഥം വരുന്ന 'അംബ്ര' എന്ന വാക്കിൽ നിന്നാണ് 'അംബ്രല്ല' എന്ന വാക്കിന്റെ ഉത്ഭവം.
പ്രാചീന കാലം മുതൽ ഭാരതത്തിൽ കുടകൾ പ്രചാരത്തിലുണ്ടായിരുന്നു. സൂര്യൻ ജമദഗ്നി മഹർഷിയ്ക്ക് സമ്മാനിച്ചതാണ് കുടയെന്ന് മഹാഭാരതത്തിൽ പരാമർശമുണ്ട്. സിംഹാസനങ്ങളിലും മനോഹരമായ കുടകൾ ഘടിപ്പിക്കുന്ന പതിവ് ഭാരതത്തിൽ ഉണ്ടായിരുന്നു. പനയോലകൊണ്ട് നിർമ്മിച്ച 'തൊപ്പിക്കുട'കൾ പണ്ടുകാലം മുതൽ തന്നെ കേരളത്തിൽ ഉപയോഗിച്ചിരുന്നു.
വൈക്കോലും പുല്ലും ചേർത്തുണ്ടാക്കിയ കുടകൾ ഉഷ്ണമേഖലാ രാജ്യങ്ങളിൽ പണ്ട് ഉപയോഗിച്ചിരുന്നു. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ സയാമിൽ 'ഏഴുനിലക്കുടകൾ' നിലവിലുണ്ടായിരുന്നുവത്ര! 1852ൽ സ്റ്റീൽ ഉപയോഗിച്ച് കുടകൾ നിർമ്മിക്കുന്നത് സാമുവൽ ഫോക്സ് ആണ്. നൈലോണിന്റെ കണ്ടുപിടുത്തം കുടകൾക്ക് മികച്ച തുണികൾ നൽകിയതോടെ ലോകമെങ്ങും പലതരം കുടകൾ വിപണിയിലിറക്കി.
വലിയ കുടകൾ മുതൽ പോക്കറ്റിലിട്ട് കൊണ്ടുനടക്കാവുന്ന ഫോൾഡിങ് കുടകൾ വരെ ഇന്ന് പ്രചാരത്തിലുണ്ട്.