സോപാനമെന്ന പദത്തിന്റെ അർത്ഥം ക്ഷേത്രത്തിലെ ശ്രീകോവിലിലേക്കുള്ള ചവിട്ടുപടി എന്നാണ്. സോപാനത്തിന്റെ സമീപത്തുനിന്ന് പാടുന്നതിനാലാണ് ഇതിന് ഈ പേരുവന്നത്. കേരളത്തിന്റെ തനതായ ഒരു സംഗീത ശൈലിയാണ് സോപാനസംഗീതം. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ഇടയ്ക്ക കൊട്ടി പ്രത്യേക രീതിയിലാണ് ഇത് പാടുന്നത്. ഇന്ന പൂജയ്ക്ക് ഇന്ന രാഗം, താളം എന്ന വ്യവസ്ഥയുണ്ട്. ദേശാക്ഷി, ശ്രീകണ്ഠി, നളത്ത, മലഹരി, ആഹരി, ഭൂപാളി, നാട്ട, സാമന്ത ലഹരി, അന്തരി, പുറനീര് , അന്ധാളി എന്നിവയാണ് അവ. കൊട്ടിനും പാട്ടിനും ആരാധനയോടുള്ള ഗാഢബന്ധത്തിനും നിദർശനമാണ് സോപാന സംഗീതം.